Malayalam Book Review //ഞാവൽപഴ മധുരങ്ങൾ //സജ്‌ന ഷാജഹാൻ

April 6, 2020

ഞാവൽപ്പഴ മധുരവും നുണഞ്ഞു കുട്ടി കുരുവിയോടൊപ്പം ഇത്തിരി നേരം

ഞാവൽപ്പഴ മധുരങ്ങൾ – സജ്‌ന ഷാജഹാൻ

മനോഹരമായ ഒരു കുട്ടികാലത്തിലൂടെ പിച്ച വച്ചു നടന്നു പഴുത്തു തുടുത്ത ഞാവൽ പഴങ്ങളുടെ മാധുര്യം ആവോളം നുണയാൻ അവസരം ഒരുക്കുകയാണ് ഈ പുസ്തകം

ഗൃഹാതുരത്വം അനുഭവിക്കാൻ ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിക്കാൻ ഒക്കെയും നമ്മളോട് ആവശ്യപ്പെടുന്ന ഓർമ്മപുസ്തകമാണ് ഞാവൽപ്പഴ മധുരങ്ങൾ

ഈ പുസ്തകത്തിന് ഓർമ്മകളുടെ അനുഭവങ്ങളുടെ അനുഭൂതിയുടെ മാധുര്യവുമാണുള്ളത്. ഈ മാധുര്യത്തെ കഥയെന്നോ കവിതയെന്നോ വിളിക്കാം.

ആദ്യത്തെ അദ്ധ്യായം മുതൽ അവസാനം വരെ മനോഹരമായ കുട്ടികഥകൾ വായിക്കുന്ന ലാഘവത്തിൽ നമ്മളോട് സംവദിക്കുന്ന പുസ്തകമാണ് ഇത്.

ഈ ഓർമ്മകളിലെ പ്രധാന കഥാപാത്രം കുരുവി എന്ന വിളിപ്പേരുള്ള കുട്ടിയാണ്. അവളുടെ ഉള്ളിലെ നോവുകളും അനുഭവങ്ങളും കടലാസിലേക്ക് പകർത്തുന്നു. ആ കുഞ്ഞു എഴുത്തുകൾ അമ്മയിൽ നിന്നുള്ള പ്രഹരത്തിനുള്ള കാരണമാകുന്നു. എത്ര മനോഹരമായാണ് എഴുത്തുകാരി ഇവിടെ ഓർമ്മകൾ പങ്കുവയ്ക്കുന്നത്.

നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. അവൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതം. അവളുടെ ദേശം, ആ ദേശത്തുള്ള ചെറുതും വലുതുമായ മനുഷ്യർ

കുട്ടിക്കുരുവിയെ സ്വാധീനിച്ച മനുഷ്യർ അവരിലൂടെ ആണ് ഈ ഓർമ്മകൾ കടന്നു പോകുന്നത്.

സീത, വിവേക്, മുകുന്ദൻ, മുരളി, അച്ഛൻ, അമ്മ, മണ്ണാത്തി, മാഷ് അങ്ങനെയോ എത്രയോ ചെറുതും വലുതുമായ മനുഷ്യർ. കുട്ടി കുരുവിയുടെ പ്രിയപ്പെട്ട ചങാതികൾ അവരുടെ കുറുമ്പുകൾ വഴക്കുകൾ, പ്രണയലേഖനങ്ങൾ കൗതുകം തോന്നുന്ന ഒരായിരം കാര്യങ്ങൾ അതൊക്കെയാണ്‌ ഈ പുസ്തകം.

അത്ഭുതങ്ങളുടെ പുസ്തകം കൂടിയാണ് ഞാവൽ പഴ മധുരങ്ങൾ. ശിവ ക്ഷേത്രത്തിൽ നിറമാലയുള്ള ദിവസങ്ങളിൽ ദീപം തെളിയിക്കാനും മാല കെട്ടാനും ശിവരാത്രി ദിവസം പഞ്ചാക്ഷരി മന്ത്രം ചൊല്ലാനും ഇന്നത്തെ മുസ്ലിം സ്ത്രീ കൂടിയിരുന്നു എന്നറിയുമ്പോൾ ആരാണ് അത്ഭുതപെടാത്തത്

മനോഹരമായ ഭാഷയും അവതരണ മികവും ആണ് ഈ പുസ്തകത്തിന്റെ കരുത്ത്. ഭാഷയുടെ മാധുര്യം ഈ പുസ്തകത്തിനുണ്ട്. ഒഴുക്കോടെ കഥ പറഞ്ഞു പോകാനും എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഓർമ്മകൾ വായിക്കുന്നത് മിക്കപ്പോഴും ആസ്വാദകർക്ക് ചെറിയ രീതിയിൽ എങ്കിലും വിരസത ഉളവാക്കുന്നതാണെങ്കിൽ കൂടി ഇവിടെ കഥ മാറി മറിയുന്നുണ്ട്.

ലളിതമായ ഭാഷയിൽ കഥ പറയുന്നത് പോലെ ഓർമ്മകൾ പങ്കു വച്ചപ്പോൾ വിരസത ഉണ്ടായിട്ടേ ഇല്ല.

ഒരു പെരുമഴ പെയ്ത്ത് പോലെ ഒരു കുട്ടിക്കാലം നമുക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് എഴുത്തുകാരി.

ഞാവൽ പഴ മധുരം ആവോളം നുണഞ്ഞു കൊണ്ട്

അശ്വതി ഇതളുകൾ

No Comments

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: